ഡൽഹി: യാസ് ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിനെ നേരിടാൻ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങൾ യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ടെലികോം, വൈദ്യുതി, സിവിൽ വ്യോമയാനം , ഭൗമ മന്ത്രാലയം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരുമായും പ്രധാനമന്ത്രി സംവദിക്കും. അൽപ്പ സമയത്തിനകം യോഗം ആരംഭിക്കും.
അതേസമയം യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശുമെന്നാണ് പ്രവചനം. കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുണ്ടാവും.








