ആലപ്പുഴ: ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. അപകടത്തിൽ പെട്ട കാറിനുള്ളിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി. അപകടത്തില്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്ന കാര്‍ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കത്തിയും കഞ്ചാവും കണ്ടെത്തിയത്.
അപകടത്തിൽ മരിച്ച റിയാസും കാറിലുണ്ടായിരുന്ന അൻഷാദും കാപ്പ പ്രകാരം നാട് കടത്തപ്പെട്ടവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം പുലര്‍ച്ചെ 3.50-ഓടെയായിരുന്നു അപകടം. കായംകുളം ഭാഗത്തേക്ക് വന്ന ലോറിയും കായംകുളത്ത് നിന്നും എറണാകുളത്തേക്ക് വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിൽ കാർ യാത്രക്കാരായ കായംകുളം സ്വദേശികളാണ് മരിച്ചത്. സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന്‍ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് ഇവർ. കാറില്‍ സഞ്ചരിച്ച ഐഷ ഫാത്തിമ യുടെ ഭര്‍ത്താവ് അൻഷാദ്, കൊട്ടാരക്കര സ്വദേശി അജ്മി എന്നിവര്‍ക്കും ലോറി ഡ്രൈവര്‍ കരുനാഗപ്പള്ളി കടത്തൂര്‍ അന്‍സാന മന്‍സില്‍ നൗഷാദ്, ക്ളീനര്‍ രാജേഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം.












