ഡൽഹി: അടിയന്തര സാഹചര്യത്തിലൂടെ രാജ്യം കടന്ന് പോകുമ്പോൾ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബിജെപി. ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം നൽകാൻ പാർട്ടി തീരുമാനിച്ചു. മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും മറ്റ് സേവനങ്ങൾക്കുമാകും പരിശീലനം നൽകുക. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വെന്റിലേറ്ററുകൾ ഉൾപ്പെടെയുളള അടിയന്തിര മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാണ് പരിശീലനം നൽകുന്നത്.
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ നാളുകളിൽ പാർട്ടി പ്രവർത്തകർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. നദ്ദയുടെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരും യുവ, മഹിള, ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷ മോർച്ചകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. തുടർന്ന് ജെപി നദ്ദ ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യോഗ തീരുമാനങ്ങൾ വിശദീകരിച്ചു.
കർഷകർക്കായും വനിതകൾക്കായുമുള്ള പദ്ധതികളും ആദിവാസി ക്ഷേമത്തിനായുള്ള പദ്ധതികളും പരമാവധി ജനങ്ങളിലേക്കെത്തിക്കാൻ യുവ, മഹിള, ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷ മോർച്ചകൾക്ക് യോഗം നിർദ്ദേശം നൽകി.
Discussion about this post