മൂന്നാര്‍: ലോക്ഡൗണ്‍ കാലത്ത് റവന്യൂ, വൈദ്യുതി വകുപ്പുകളുടെ ഭൂമി കൈയേറി നിര്‍മാണം നടത്തിയവര്‍ക്കെതിരെ ദേവികുളം സബ് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൈയേറ്റം കണ്ടെത്തി നടപടിയെടുക്കാന്‍ സ്പെഷല്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ 15അംഗ സംഘത്തെയും നിയോഗിച്ചു.
ലോക്ഡൗണ്‍ കാലത്ത് ഉദ്യോഗസ്ഥരില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് നിരവധി കൈയേറ്റങ്ങളാണ് മൂന്നാറില്‍ നടന്നത്. മൂന്നാറിലെ കോളനികള്‍, ടൗണിലെ പുഴയോരം, ദേശീയപാതയുടെയും റവന്യൂ വകുപ്പിന്റെയും ഭൂമി എന്നിവിടങ്ങളെല്ലാം കൈയേറ്റക്കാര്‍ സ്വന്തമാക്കിയത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുള്‍പ്പെട്ട അന്വേഷണസംഘം ഉടന്‍ കൈയേറ്റഭൂമി പരിശോധിക്കും. രണ്ടുദിവസം കൂടുമ്പോള്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സബ് കലക്ടര്‍ പറഞ്ഞു.
ഒരാഴ്ചകൊണ്ട് പരിശോധന പൂര്‍ത്തിയാക്കി നടപടിയെടുക്കും. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അഞ്ച് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ ഭൂമിയാണ് കൈയേറിയിരിക്കുന്നത്. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും വ്യാജരേഖകളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സബ് കലക്ടര്‍ പ്രേം കൃഷ്ണന് പറഞ്ഞു.
Discussion about this post