തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ഇന്നലെ ബവ്റിജസ് ഷോപ്പുകളിലൂടെ വിറ്റത് 52 കോടി രൂപയുടെ മദ്യം. സാധാരണ 49 കോടിരൂപയുടെ മദ്യമാണ് ശരാശരി വിൽക്കുന്നത്.ആകെ 265 ഷോപ്പുകളാണ് കോർപറേഷനുള്ളതെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല.
പാലക്കാട് തേങ്കുറിശിയിലെ ഷോപ്പിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ; 69 ലക്ഷം രൂപയുടെ മദ്യം. തമിഴ്നാടുമായി ചേർന്നു കിടക്കുന്ന സ്ഥലമായതിനാലാണ് കച്ചവടം കൂടിയതെന്നു ബെവ്കോ അധികൃതർ പറഞ്ഞു. 66 ലക്ഷം രൂപയുടെ കച്ചവടവുമായി തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുടയിൽ 65 ലക്ഷം രൂപ.
കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് കച്ചവടമായിരുന്നു. സാധാരണ 6 –7 കോടി രൂപയുടെ കച്ചവടം നടക്കുന്നിടത്ത് 8 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. 39 ഷോപ്പുകളിൽ 3 ഷോപ്പുകൾ കോവിഡ് പ്രോട്ടോകോൾ കാരണം തുറന്നില്ല. വിൽപ്പനയിൽ മുന്നിൽ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് – 40.1 ലക്ഷം. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടി – 40 ലക്ഷം.
കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നു ബവ്കോ എംഡി യോഗേഷ് ഗുപ്ത ഐപിഎസ് പറഞ്ഞു. ഷോപ്പുകളിൽ ജീവനക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലറും പുറത്തിറക്കി. അതേസമയം, സംസ്ഥാനത്തെ ബാറുകളിലൂടെ എത്ര കോടി രൂപയുടെ മദ്യം വിറ്റുവെന്നതിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല.
Discussion about this post