ജമൈക്ക: ഫാദേഴ്സ് ഡേയില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്. ഞായറാഴ്ചയാണ് ഭാര്യ കാസി ബെന്നറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ കാര്യം ബോള്‍ട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും വ്യത്യസ്തമായ പേരുകളാണ് ബോള്‍ട്ട് -കാസി ദമ്പതികള്‍ ഇട്ടിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട്, സെന്‍റ് ലിയോ ബോള്‍ട്ട് എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരു വയസ്സുള്ള മൂത്ത മകളുടെ പേര് ഒളിമ്പിയ ലൈറ്റ്നിങ് ബോൾട്ട് ആണ്.
https://www.instagram.com/p/CQWo4xHBKpt/
ബോൾട്ടിന്റെ പങ്കാളി കാസി ബെന്നറ്റ് മക്കളുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഒരു വയസ്സുള്ള മകൾക്കും ഇരട്ടക്കുട്ടികൾക്കും ഉസൈൻ ബോൾട്ടിനുമൊപ്പമുള്ള ചിത്രമാണ് കാസി പങ്കുവെച്ചത്. കുടുംബജീവിതത്തിൽ എല്ലായ്പ്പോഴും സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന ബോൾട്ട്, ആദ്യമായാണ് തന്‍റെ മക്കളുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്.
ഈ ചിത്രത്തോടൊപ്പം മക്കളുടെ പേരും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ലൈറ്റ്നിങ്ങും തണ്ടറും ഉള്ള വീട്ടിൽ എപ്പോഴും കൊടുങ്കാറ്റായിരിക്കുമല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
2020 മെയിലാണ് ഒളിമ്പിയ ജനിച്ചത്. മകൾ പിറന്ന് രണ്ട് മാസത്തിന് ശേഷമാണ് അന്ന് ബോൾട്ട് പേര് പങ്കുവെച്ചത്. എന്നാൽ തണ്ടറിന്റേയും ലിയോയുടേയും ജനന തിയ്യതി ബോൾട്ട് പുറത്തുവിട്ടിട്ടില്ല.
Discussion about this post