ഡൽഹി: ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നത പാർട്ടി യോഗം ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ആരംഭിച്ചു. കേന്ദ്രഭരണ പ്രദേശത്തെ 14 പ്രമുഖ നേതാക്കളാണ് ഈ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നത്.
2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം കശ്മീരിൽ നിന്നുള്ള രാഷ്ട്രീയ നേതൃത്വവും, കേന്ദ്രവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലാണിത്.
കോൺഗ്രസിന്റെ ഗുലാം നബി ആസാദ്, താര ചന്ദ്, ജി എ മിർ, ഡോ. ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, പിഡിപിയുടെ മെഹ്ബൂബ മുഫ്തി, ജെ-കെ അപ്നി പാർട്ടിയുടെ അൽതാഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്‌ന, നിർമ്മൽ സിംഗ്, കവിന്ദർ ഗുപ്ത, സി.പി.ഐ (എം) ന്റെ എം വൈ തരിഗാമി, നാഷണൽ പാന്തേഴ്സ് പാർട്ടിയുടെ പ്രൊഫ. ഭീം സിംഗ്, പീപ്പിൾസ് കോൺഫറൻസിന്റെ സജാദ് ഗാനി ലോൺ എന്നീ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

കൂടാതെ , ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു.
ഡിലിമിറ്റേഷൻ, സംസ്ഥാനത്വം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വിഷയങ്ങളെന്ന് പ്രതീക്ഷിക്കുന്നു.








