ദുഷാന്‍ബെ: താജിക്കിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ സുരക്ഷാ മേധാവികളുടെ (എന്‍.എസ്.എ) യോഗത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയിബ, ജയ്ഷെ മുഹമ്മദ് എന്നിവയെ എസ്.സി.ഒയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വേരോടെ പിഴുതെറിയാന്‍ ശക്തമായ കര്‍മ്മപദ്ധതി കൊണ്ടുവരണമെന്ന് ഡോവല്‍ നിര്‍ദ്ദേശിച്ചു. ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഷാന്‍ഹായ് സഹകരണ സംഘടന വ്യക്തമാക്കി.
“മുംബയ് ഭീകരാക്രമണം, പാര്‍ലമെന്റ് ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനകളാണെന്നും അതിര്‍ത്തി കടന്ന് ഭീകരാക്രമണം നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കണം”ഡോവല്‍ കൂട്ടിച്ചേര്‍ത്തു. ആയുധങ്ങള്‍ കടത്തുന്നതിനും മറ്റും ഭീകരര്‍ സാമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, അവ കര്‍ശനമായി നിരീക്ഷിക്കണ്ടതുണ്ടെന്നും ഡോവല്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഡോവലിന്റെ വിമര്‍ശനം.
ആഗോള ഭീകരത, മത തീവ്രവാദം , വിഘടനവാദം എന്നിവയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്ന് ഷാന്‍ഹായ് സഹകരണ സംഘടന ( എന്‍.സിഒ) വ്യക്തമാക്കി. ഷാന്‍ഹായ് രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍ , കസാഖിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഷാന്‍ഹായ് കൂട്ടായ്മയിലുള്ളത്.
ഷാന്‍ഹായ് സഹകരണ സംഘടനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പതിനാറാമത് യോഗമാണ് താജികിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ രണ്ടു ദിവസങ്ങളിലായി നടന്നത്. 2017മുതല്‍ ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സൈനിക സാഹചര്യത്തെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു.അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
സുരക്ഷാ ഉപദേഷ്ടാക്കള്‍ ഷാന്‍ഹായ് സഹകരണ സംഘടനയുടെ നിലവിലെ ചെയര്‍മാനായ താജികിസ്ഥാന്‍ പ്രസിഡന്റ് ഇമ്മോമലി റഹ്മോനെ സന്ദര്‍ശിച്ച് വിവിധ ആഗോള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ആഗോള തലത്തില്‍ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാന്‍ കൂട്ടായ സഹകരണം ഉറപ്പു വരുത്താന്‍ യോഗം തീരുമാനിച്ചു. ദേശീയ സുരക്ഷ, സൈബര്‍ സുരക്ഷ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ ജൈവ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.
സംഘടനയില്‍ ചൈന അംഗമാണെങ്കിലും യോഗത്തില്‍ ചൈനീസ് പ്രതിനിധി പങ്കെടുത്തില്ല.
Discussion about this post