ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മേഖലയിൽ ചൈന നൂറിലധികം സൈനിക ഡ്രില്ലുകൾ സംഘടിപ്പിച്ചതായാണ് റിപ്പോർട്ട്.
പാംഗോംഗ് സോയിൽ നിന്നും സൈനികരെ പിൻവലിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ചൈന തീരുമാനിച്ചിരുന്നു. എന്നാൽ നിയന്ത്രണ രേഖക്ക് സമീപം അപ്പോഴും ചൈന സൈനിക വിന്യാസം തുടർന്നു. കൊവിഡ് വ്യാപനത്തിനിടയിലും ഉയരമുള്ള മേഖലകളിൽ 20 യൂണിറ്റുകളിലെ 1000 ട്രൂപ്പുകളെ പങ്കെടുപ്പിച്ച് ചൈന സൈനിക പരിശീലനം തുടർന്നുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യയും നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിരിക്കുകയാണ്. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു. അതിർത്തിയിലെ ഇന്ത്യൻ സേനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവിയും വ്യക്തമാക്കിയിരുന്നു.










