ഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയമസഭ ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന കലാപത്തില്‍ 25 പേര്‍ മരിക്കുകയും 7000ത്തിലേറെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായും വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് നൽകി . സിക്കിം ഹൈകോടതി റിട്ട ചീഫ് ജസ്റ്റിസ് പെര്‍മോദ് കോഹ്ലി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് കലാപപ്രദേശത്തെ ജനങ്ങളെ കണ്ട് തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് കൈമാറിയത്. രണ്ട് റിട്ട. ഐ .എ.എസുകാരും ഒരു റിട്ട ഐ.പി.എസുകാരനും ഉള്‍പ്പെട്ടതാണ് അഞ്ചംഗ സമിതി.
‘നീതിക്കായുള്ള മുറവിളി’ എന്ന പേരിലൊരു സംഘടനയുണ്ടാക്കിയാണ് ഇവര്‍ വസ്തുതാന്വേഷണത്തിനിറങ്ങിയത്. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പരിശോധിച്ച് സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയ് രണ്ടിനുണ്ടായത് യാദൃച്ഛിക കലാപമല്ല, മറിച്ച് മുന്നൊരുക്കത്തോടെയുള്ള ആക്രമണമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. 16 ജില്ലകളെയാണ് കലാപം ബാധിച്ചത്. പലര്‍ക്കും നാട് വിടേണ്ടി വന്നു. നൂറുകണക്കിനു പേര്‍ക്ക് അയല്‍ സംസ്ഥാനങ്ങളില്‍ അഭയം തേടേണ്ടി വന്നു. രാഷ്ട്രീയ വിരോധത്തിനൊപ്പം ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ആ ദിവസങ്ങളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ കടമയും കര്‍ത്തവ്യവും മറന്നു. അതിന് കാരണക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സമിതിയുടെ ശിപാര്‍ശ.










