ഡൽഹി: രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനക്ക് മുന്നോടിയായി വിവിധ കേന്ദ്ര മന്ത്രിമാർ രാജി വെച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക്, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ എന്നിവരാണ് രാജി വെച്ചത്. പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 6.00 മണിയോടെ ഉണ്ടാകും.
2019 മെയ് മാസത്തിൽ തുടർച്ചയായ രണ്ടാം തവണ അധികാരമേറ്റ ശേഷമുള്ള എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. നിലവിൽ 53 അംഗങ്ങളാണ് കേന്ദ്ര മന്ത്രിസഭയിൽ ഉള്ളത്. 81 പേരെ വരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്നതാണ്.
മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, മധ്യപ്രദേശിൽ നിന്നുള്ള യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് നാരായൺ റാണെ, പിലിഭത്ത് എം പി വരുൺ ഗാന്ധി, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മകൻ രാജ് വീർ സിംഗ്, മിർസാപുർ എം പിയും അപ്നാ ദൾ നേതാവുമായ അനുപ്രിയ പട്ടേൽ, ഉത്തർ പ്രദേശിൽ നിന്നുള്ള നേതാവ് സകൽദീപ് രാജ്ഭർ, പശ്ചിമ ബംഗാളിൽ നിന്നുമുള്ള നേതാവ് നിതീഷ് പ്രാമാണിക്, ബിഹാറിൽ നിന്നും ജെഡിയു നേതാവ് ആർസിപി സിംഗ്, എൽ ജെ പിയുടെ പശുപതി കുമാർ പരസ്, ഭൂപീന്ദർ യാദവ്, അനിൽ ബലൂനി, സുധാംശു ത്രിവേദി, സുശീൽ മോദി, അശ്വിനി വൈഷ്ണവ്, ജിവിഎൽ നരസിംഹ റാവു എന്നിവർക്കാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. ഇവരിൽ പലരും ഡൽഹിയിൽ എത്തിയിട്ടുണ്ട്.








