ഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിക്ക് ഡൊമിനിക്ക കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂറോളജിസ്റ്റിനെ കാണാന്‍ ആന്റിഗ്വയിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ഇന്ത്യയില്‍ നിന്നും കടന്ന ചോക്സി കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ അഭയം തേടിയിരുന്നു. അവിടെ നിന്ന് ഒളിച്ചുകടക്കുന്നതിനിടെ അനധികൃതമായി പ്രവേശിച്ചതിനാണ് മേയ് 23ന് ഡൊമിനിക്കയില്‍ പിടിയിലായത്.
ആന്റിഗ്വ-ബര്‍ബുഡ പൗരത്വമുള്ള ചോക്സിക്ക് അവിടേക്ക് തിരികെ പ്രവേശിക്കാമെന്ന് കോടതി ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. 2018 മുതല്‍ ആന്റിഗ്വയിലാണ് ചോക്സി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ വായ്പ എടുത്ത ശേഷമാണ് ചോക്സിയും നിരവ് മോദിയും രാജ്യം വിട്ടത്. നിരവിനെ ലണ്ടനില്‍ നിന്ന് പിടികൂടിയിരുന്നു.
ആന്റിഗ്വയില്‍ തിരികെ പ്രവേശിക്കുന്നതിനും ന്യുറോളജി വിദഗ്ധന്റെ ചികത്സ തേടുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളുടെ ‘ആജ്ഞ’ പ്രകാരമാണ് തന്നെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചോക്സി കഴിഞ്ഞയാഴ്ച ജൊമിനിക്കയിലെ റോസൂ സിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കരീബിയനിലെ ഇമിഗ്രേഷന്‍ മന്ത്രി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു കേസ്.
Discussion about this post