ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകിക്കൊപ്പം ചേർന്ന് യുവതിയെ കൊലപ്പെടുത്തി. ആറുമാസം ഗർഭിണിയായ പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി.
അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36), പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
ജൂലൈ പത്താം തീയതി രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്ന് ബോദ്ധ്യപ്പെട്ടത്.
സംഭവത്തെ കുറിച്ചുള്ള പൊലീസ് ഭാഷ്യം: ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു സമൂഹമാധ്യമത്തിലൂടെയാണ് പ്രബീഷ് പരിചയപ്പെടുന്നത്. ഡ്രൈവറായ പ്രബീഷ് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു.
6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. അനിതയും ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. അനിത ആ സമയത്തു പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. തുടർന്ന് ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല.
ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു സംരക്ഷിക്കാമെന്ന് പ്രബീഷ് പറഞ്ഞു. എന്നാൽ രജനിയും അനിതയും ഇത് എതിർത്തു. തുടർന്ന് അനിതയെ ഒഴിവാക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചു വരുത്തി. രജനിയുടെ വീട്ടിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചു. അപ്പോൾ രജനി വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു.
തുടർന്ന് ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടു പോയി. രജനിയാണ് വള്ളം തുഴഞ്ഞത്. ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയാണ് അനിതയുടെ മരണം സംഭവിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.











