തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ തർക്കം. സ്കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മുസ്ലീം ലീഗ് രംഗത്തെത്തി. ഇത് യുഡിഎഫിനെ വെട്ടിലാക്കി.
സർക്കാർ നടപടിയിൽ ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൂട്ടായി ആലോചിച്ചെടുത്ത നിലപാടാണിതെന്ന് കൂടി സതീശന് പറഞ്ഞതോടെ ലീഗ് കൂടുതല്‍ ഒറ്റപ്പെട്ടു.
വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സതീശന്റെ നിലപാടല്ല ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്നമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ തീരുമാനം തികച്ചും വഞ്ചനപരവും യോജിക്കാന്‍ കഴിയാത്തതുമാണെന്നാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ നിലപാട്.
Discussion about this post