ഡല്‍ഹി: നിയമസഭ കെെയാങ്കളിക്കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നാളെ വിധിപറയുക. ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പരാക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമെന്നും അതില്‍ എന്ത് പൊതുതാല്പര്യമെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു. കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അതിന് ന്യായീകരണമുണ്ടോ? സഭയില്‍ ഒരു എം.എല്‍.എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, അതില്‍ സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.
പ്രതിപ്പട്ടികയിലുള്ള മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് 2015-ല്‍ ബജറ്റ് അവതരണത്തില്‍ നിന്ന് അന്നത്തെ ധനമനന്ത്രി കെ.എം. മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.
Discussion about this post