പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ കമ്മിഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ.
ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകനായ പ്രശാന്തിന് ക്രമക്കേടിൽ പങ്കുണ്ടെന്ന് കാണിച്ച് പിടിഎ ഭാരവാഹികളാണ് പട്ടികജാതി- പട്ടികവർഗ കമ്മിഷന് പരാതി നൽകിയത്. തുടർന്നാണ് കമ്മിഷൻ പരിശോധന നടത്തിയത്. പ്രശാന്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്‌ക്കൂളിലേക്ക് സാധനങ്ങൾ നൽകിയ കച്ചവടക്കാർ തുടങ്ങിയവരിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു.
2013 -2018 കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മിഷൻ അറിയിച്ചു. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകളാണ് അരിയും സാധനങ്ങളും വാങ്ങിയ കണക്കിൽ നൽകിയതെന്നാണ് സൂചന. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പ്രശാന്ത് നിഷേധിച്ചു.
Discussion about this post