തൃശൂർ: ലഹരിക്കെതിരെ ചിത്രമൊരുക്കിയ സംവിധായകൻ ലഹരിയിൽ ആറാടി നടുറോഡിൽ നൃത്തം ചെയ്തു. തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ പിടിച്ചായിരുന്നു സംവിധായകന്റെ നൃത്തം. സംഭവത്തിൽ എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജാണ് അറസ്റ്റിലായത്.
പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. രാത്രി അതുവഴി വന്ന പൊലീസുകാർ സംവിധായകന്റെ നൃത്തം കണ്ട് ഇയാളെ പിടികൂടിയ ശേഷം സ്ഥലം പരിശോധിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നടിയും ഭർത്താവും ഇരിപ്പുണ്ടായിരുന്നു. ഇവർക്ക് ലഹരി ഉപയോഗത്തിൽ പങ്കില്ലാത്തതിനാൽ പൊലീസ് ഇവരെ വിട്ടയച്ചു.
ലഹരിക്കെതിരെ രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് വിഷ്ണുരാജ്. പുതിയ ഹൃസ്വചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്‍റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് ലഹരി ഉപയോഗിച്ചതും നടുറോഡിൽ നൃത്തം ചെയ്തതും. ഇയാളുടെ വസ്ത്രത്തിനുള്ളില്‍നിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ (എംഡിഎംഎ) എന്ന ന്യൂജനറേഷൻ ലഹരി മരുന്നാണ് പിടികൂടിയത്.
ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കാറും പിടിച്ചെടുത്തു.
Discussion about this post