ബോളിവുഡിലെ ഖാൻ യുഗത്തിന് 2025ൽ സമ്പൂർണ്ണ അന്ത്യം കൈവന്നുവെന്നാണ് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമ അടക്കിവാണിരുന്ന പല സൂപ്പർസ്റ്റാറുകളുടെയും സിനിമകൾ കാണാൻ ഇപ്പോൾ ആളില്ല. പകരമായി പുതിയ താരങ്ങളും പുതിയ സംവിധായകരും മികച്ച സിനിമകളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. 2025ലെ ഏറ്റവും ജനപ്രിയ സിനിമ ഏതാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ ഐഎംഡിബി.
ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിങ്ങനെയുള്ള മുൻനിര താരങ്ങളുടെ റിലീസ് ഉണ്ടായിട്ടും ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് മറ്റൊരു ചിത്രമാണെന്ന് ഐഎംഡിബി വ്യക്തമാക്കി. സൂപ്പർതാരങ്ങളുടെ പോലും ചരിത്ര സിനിമകൾ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന കാലത്ത് പാൻ ഇന്ത്യൻ തലത്തിൽ വൻ സ്വീകരണം നേടിയ ഒരു ചരിത്ര സിനിമയാണ് ഈ വർഷത്തെ ഏറ്റവും ജനപ്രിയ ചിത്രമായിരിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ ഒരുക്കി വിക്കി കൗശൽ നായകനായ ‘ഛാവ’ ആണ് ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വർഷത്തെ ഏറ്റവും ജനപ്രിയ ചിത്രം.
ജനപ്രീതിയിൽ മാത്രമല്ല വരുമാനത്തിലും ഛാവ തന്നെയാണ് ഈ വർഷം ഏറ്റവും കരുത്ത് തെളിയിച്ച സിനിമ. 500% ലാഭമാണ് ഈ ചിത്രം നേടിയത്. ₹ 130 കോടി ബജറ്റിൽ ഒരുക്കിയ ഈ ചരിത്ര സിനിമ ₹ 809 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മറാത്ത ഛത്രപതി സംബാജി മഹാരാജിന്റെ ജീവചരിത്രമാണ് ഛാവയിലൂടെ ജനങ്ങൾക്ക് മുൻപിൽ എത്തിച്ചിരുന്നത്. സൽമാൻ ഖാന്റെ സിക്കന്ദർ , ആമിർ ഖാന്റെ സിതാരേ സമീൻ പർ, അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റർ 2 എന്നിവയെ എല്ലാം തകർത്താണ് ഈ വിക്കി കൗശൽ ചിത്രം ഇന്ത്യൻ സിനിമയിലെ തന്റെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post