വീട് ചോർച്ചയെന്ന രേണു സുധിയുടെ ആരോപണത്തിൽ മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനൽകാൻ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്. മികച്ച കെട്ടുറപ്പിൽ പണിത വീടാണ് അതെന്നും രേണുവിന്റെ വിഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയെന്നും ഫിറോസ് പറയുന്നു. ജീവിതത്തിൽ ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും രേണു പറയുന്നത് പച്ചക്കളളമാണെന്നും ഫിറോസ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
രേണു പറയുന്നത് പച്ചക്കള്ളമാണെന്നാണ് ഫിറോസ് പറയുന്നത്. ആ വീട് ചോരുന്നില്ലെന്ന് 100 അല്ല, 200 ശതമാനം ഉറപ്പാണെന്നും ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് നിർമ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും നല്ല ക്വാളിറ്റിയിൽ നല്ല ഗുണ നിലവാരത്തിൽ ചെയ്തുകൊടുത്ത വീടാണത്. സുധിയുടെ രണ്ട് കുഞ്ഞുങ്ങളുടെ പേരിലാണ് ആ വീട് നിർമിച്ചത്. വീടിന്റെ ഫ്രണ്ട് എലിവേഷൻ നോക്കി കഴിഞ്ഞാൽ ഒരു ബ്ലാക്ക് ലൂബേഴ്‌സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്‌സിന്റെ അവിടെ ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ അതുവഴി വെള്ളം ചാറ്റൽ അടിച്ച് അകത്തേക്ക് കയറും. അത് ഞാൻ അംഗീകരിക്കുന്നു. അതിനെയാണ് ഇവർ മോശമായ രീതിയിൽ പറയുന്നത്. വീടിനു ഗുണനിലവാരം ഇല്ലെന്ന തരത്തിലാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരോ വീട് ചെയ്തുകൊടുക്കാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കൾക്ക് വേണ്ടിയും ഈ വീട് നിർമിച്ചത്. വീട് മാത്രമാണ് സാധാരണ നൽകാറുള്ളത്. എന്നാൽ ഈ വീട്ടിൽ ഫർണിച്ചറുകളും ടിവിയും വാട്ടർ ഫിൽട്ടറുമൊക്കെ നൽകാൻ സാധിച്ചു. അതിനൊക്കെ ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നും വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. അതെന്റെ ബിസിനസ്സിൽ നിന്നു കിട്ടുന്ന ലാഭമാണ് ഇവിടെ ഉപയോഗിച്ചത്. സഹായിക്കാൻ കാശ് ഇല്ലാത്തതിനാൽ അവിടെ വന്ന് വീടിന്റെ പണി യാതൊരു കൂലിയും വാങ്ങാതെ ചെയ്തുപോയ നിരവധി ചെറുപ്പക്കാരുണ്ട്. അഞ്ചും പത്തും ദിവസം പണിയെടുത്താണ് അവർ പോയത്. അത്തരത്തിലുള്ള ആളുകൾക്കെല്ലാം വിഷമം ഉണ്ടാകുന്ന വിഡിയോ ആണ് ഇന്നലെ മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കും വലിയ വിഷമം ഉണ്ടായി. നല്ല കാര്യങ്ങൾ ചെയ്തിട്ടും ഒന്നും അല്ലാതായി പോകുന്ന അവസ്ഥയാണ്. ജീവിതത്തിൽ ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വീട് നിർമാണം കഴിഞ്ഞതിനു ശേഷവും അവർക്ക് ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണം എന്നു പറഞ്ഞ് വിളിച്ചിരുന്നു. വീട് നിർമാണം തന്നെ പൂർത്തിയാക്കിയത് ഫണ്ട് തികയാതെയാണ്. ഇനി വർക്ക് ഏരിയയ്ക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ, ”ഞങ്ങൾ യൂട്യൂബേഴ്‌സിനെ വിളിച്ച്, ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാൽ നിങ്ങൾക്കാണ് അതിന്റെ നാണക്കേട്”, എന്നായിരുന്നു ഭീഷണിയുടെ ഒരു സ്വരത്തിൽ രേണു പ്രതികരിച്ചത്. എന്നാലും നിങ്ങൾ ആരെയെങ്കിലും വച്ച് ചെയ്യിച്ചോളൂ എന്നു ഞാൻ പറഞ്ഞു. കാരണം അന്നെന്റെ കയ്യിൽ വേണ്ട തുക ഇല്ലായിരുന്നു. വീടുകേറി താമസ ദിവസം ഞങ്ങൾ പോയെങ്കിലും ഒരാൾ പോലും ഭക്ഷണം കഴിക്കാനൊന്നും നിന്നിരുന്നില്ല. അവർ എത്രപേർക്ക് കരുതിയിരുന്നു എന്നൊന്നും അറിയില്ലായിരുന്നു. മാ സംഘടന ഒരു ലക്ഷം രൂപ നൽകിയിരുന്നു. അതുവച്ചാണ് ആ പരിപാടിയുടെ തുക കണ്ടെത്തിയത്. വീട് നൽകിയതിന് ശേഷം അത് കഴിഞ്ഞു. വീട് കൊടുത്തത് ഒരു കടപ്പാടായിട്ട് അവരെ കൊണ്ട് കൊണ്ടു നടപ്പിക്കരുത് എന്നുണ്ടായിരുന്നു. ലൂബേഴ്‌സിന്റെ ഉള്ളിൽ കൂടെ ചാറ്റൽ അടിക്കുന്ന കാര്യം പറഞ്ഞപ്പോൾ, 5000 രൂപ മുടക്കിയാൽ അവിടെ ഗ്ലാസ് ഇടാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവർക്ക് അതിനൊന്നും കഴിയില്ല. ആ വീട്ടിൽ ഒരു ക്ലോക്ക് ഫിക്‌സ് ചെയ്തത് താഴെ വീണാൽ ഉടനെ ഞങ്ങൾ ഇവിടുന്ന് പോയി അത് ശരിയാക്കി കൊടുക്കണം. മോട്ടോർ കത്തിയിട്ട് അതും ശരിയാക്കി കൊടുക്കാൻ പറഞ്ഞു. ഇതൊക്കെയാണ് അവരുടെ ആവശ്യങ്ങൾ. അതായത് ഒരു ബൾബ് പോയാലോ, ഫ്യൂസ് പോയാലോ ഞങ്ങളെ വിളിക്കും. വീട് തന്നു, ഇനി അതിന്റെ മെയിന്റെയ്ൻസും കൂടെ ചെയ്യണമെന്ന് പറഞ്ഞാൽ അത് എങ്ങനെ സാധിക്കുമെന്നും ചോദിച്ചിരുന്നു.
ഇത് ഞങ്ങളുടെ അവസാന പ്രോജക്ടാണ്. അത്രയധികം ആത്മാർഥതയോടെയും കഷ്ടപ്പെട്ടും ചെയ്തുകൊടുത്ത വീടാണ്. സുധിയുടെ മക്കളും ഭാര്യയും സുധിയുടെ അമ്മയും വന്ന് ആ വീട്ടിൽ നിൽക്കുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെ തന്നെയാണ് വീട് പണിതപ്പോഴും അവർ പറഞ്ഞുകൊണ്ടിരുന്നത്. നിർഭാഗ്യവശാൽ സുധിയുടെ വീട്ടുകാർ ആരും അവിടെയില്ല. ഇപ്പോൾ താമസിക്കുന്നത് രേണുവിൻറെ വീട്ടുകാരാണ്. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം, അതിൽ നമ്മൾ ഇടപെടേണ്ട കാര്യമില്ല. സുധിയുടെ മൂത്ത മകനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവൻ അവൻറേതായ വിഷമങ്ങൾ പറഞ്ഞു. ഇതിൽ ഒരു വിവാദം ഉണ്ടാക്കാനോ മുതലെടുപ്പ് നടത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
സുധിയുടെ കുടുംബം ആ വീട്ടിൽ താമസിക്കണമെന്നാണ് ഇപ്പോഴും ഞങ്ങളുടെ ആഗ്രഹം. ആ വീട്ടിൽ ഒരു ചോർച്ചയുമില്ല, ഒരു പോളികാർബണേറ്റ് ഷീറ്റിട്ട് കഴിഞ്ഞാൽ അത് മാറും. ഞങ്ങൾക്കിനി ആ വീടിൻറെ മെയിൻറനൻസ് വർക്കുമായി ഇങ്ങനെ പോകാൻ പറ്റില്ല. ഇതിൻറെ പേരിൽ അവർ എന്തൊക്കെ വീഡിയോ ചെയ്താലും കുഴപ്പവുമില്ല. മറ്റൊരു മിമിക്രിക്കാരന് വീടു വച്ചുകൊടുക്കുന്ന കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ ആ തീരുമാനവും പിൻവലിക്കുകയാണ്’, ഫിറോസ് പറഞ്ഞു.
Discussion about this post