തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിയിൽ അപ്പീൽ പോകാനൊരുങ്ങി കേരള സർക്കാർ. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച് വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും ഒരു രൂപ പോലും കുറയാതെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
സംസ്ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post