രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ‘ഖേൽ രത്ന’യിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കി ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേര് നൽകിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എ.ഐ.സി.സി മാധ്യമ വക്താവ് ഷമ മുഹമ്മദ് . നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് ഒരു കായിക താരത്തിന്റേതാക്കി പുനർനാമകരണം ചെയ്യുകയാണെങ്കിൽ ഖേൽ രത്ന പേര് മാറ്റത്തിലും വിമർശനമുണ്ടാകില്ലെന്നും, അല്ലാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്നും ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയായിരുന്നു ഖേൽ രത്നയുടെ പേര് മാറ്റം പ്രഖ്യാപിച്ചത്. ഇന്ത്യൻ ജനതയുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് ഇനി ഖേൽരത്ന പുരസ്കാരം ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേരിന് ശേഷം അറിയപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1991-92 വർഷത്തിലാണ് ആദ്യമായി ഖേൽരത്ന പുരസ്കാരം ഏർപ്പെടുത്തിയത്. ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദിനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. ലിയാൻഡർ പേസ്, സചിൻ തെൻഡുൽക്കർ, ധൻരാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോർജ്, മേരി കോം, റാണി റാംപാൽ തുടങ്ങിയവരെല്ലാം ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്.












