ചേര്‍ത്തല: മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന ചേര്‍ത്തല തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാരിടവെളി പരേതനായ ശിവദാസന്റെ ഭാര്യ രുക്മിണി(64) മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് മകന് ബിനുവി(40)നെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ‘കഴിഞ്ഞ 20ന് വൈകിട്ട് വീട്ടുമുറ്റത്ത് നിന്ന രുക്മിണിയെ മകന് ബിനു ചവിട്ടി വീഴ്ത്തുകയായിരുന്നു. മതിലില്‍ തലയടിച്ചുവീണ രുക്മിണിയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിനു പിന്നീട് നിര്‍ബന്ധപൂര്‍വം ഡിസ്ച്ചാര്‍ജ് വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രുക്മിണി വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്’.
തലക്കേറ്റ പരുക്കാണ് മരണകാരണമെന്നും ഇയാള്‍ മുന്‍പും രുക്മിണിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മാതാവിനെ ദേഹോപദ്രവമേല്പ്പിച്ചതിന്റെ പേരില്‍ പോലീസ് ബിനുവിനെ വ്യാഴാഴ്ച തന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിക്കെതിരെ നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Discussion about this post