1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും സമീപകാലത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വൻ മുന്നേറ്റം നടത്തിയെന്നും ചൂണ്ടിക്കാട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്.
ഗുജറാത്തിലും മറ്റ് ഇടങ്ങളിലും കോൺഗ്രസ് നേരിടുന്ന തുടർച്ചയായ ദയനീയ പരാജയങ്ങൾക്ക് കാരണം എസ്.ഐ.ആർ ആണോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ ഗാന്ധിയോട് ചോദിച്ചു. സമീപകാലത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ 104-ൽ 90 സീറ്റുകളും തൂത്തുവാരി ബി.ജെ.പി മുന്നേറുമ്പോൾ ജനവിധി വളരെ വ്യക്തമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ത്രിപുരയിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ 77.5 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസ് 4,600 സീറ്റുകളിൽ വെറും 14 സീറ്റുകളിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്തുടനീളമുള്ള വോട്ടർമാർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ പൂർണ്ണമായും തള്ളിക്കളയുകയാണ് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണമെന്നും പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നു.









