കൊച്ചി: എറണാകുളം കടവുംഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിൽ കൊച്ചി പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ശക്തമാക്കി. എൻഐഎ (NIA), ഇന്റലിജൻസ് ബ്യൂറോ (IB) എന്നിവരും പ്രതിയെ നേരിട്ടെത്തി കസ്റ്റഡിയിൽ ചോദ്യം ചെയ്തു.
പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹമായ നിരവധി വിവരങ്ങൾ പുറത്തുവന്നത്. ജൂതപ്പള്ളിക്ക് തീയിടുന്ന ദൃശ്യങ്ങൾ ഇയാൾ സ്വന്തം ഫോണിൽ ചിത്രീകരിക്കുകയും തുടർന്ന് ഇത് ചില വിദേശ/അജ്ഞാത നമ്പറുകളിലേക്ക് അയച്ചു നൽകുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഫോണിൽ നിന്നും വിദേശ ബന്ധങ്ങൾ സൂചിപ്പിക്കുന്ന ചില സംശയാസ്പദമായ ചാറ്റുകളും വീണ്ടെടുത്തിട്ടുണ്ട്. മുൻപും ഇയാൾ സമാനരീതിയിൽ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതിയുടെ വീട് വളഞ്ഞ് പൊലീസ് നടത്തിയ തെരച്ചിലിൽ വൻതോതിൽ രാസലഹരി വസ്തുക്കളും കണ്ടെടുത്തു. ലഹരിയുടെ സ്വാധീനത്തിലാണോ അതോ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ കൃത്യം നടത്തിയത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ ലഹരി ഇടപാടുകളെക്കുറിച്ചും വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ഇയാളുടെ മാനസികനില പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളിലൊന്നായ ജൂതപ്പള്ളിയെയടക്കം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ വൻ ഗൂഢാലോചന തന്നെയുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ.











