പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി നാർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ് അന്വേഷിക്കുക. ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് പരാതി. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. മുരുകന്‍റെ പതിനേഴ് വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു.
സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. അതിനിടെ മുരുകൻ്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മുരുകൻ്റെ അതിക്രമത്തിൽ പരിക്കേറ്റ അയൽവാസി കറുതാ ചലത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകൾ അടക്കമുള്ളവർക്ക് എതിരെ പൊലീസ് അതിക്രമം ഉണ്ടായത്.
Discussion about this post