തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍കുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ നഗരസഭാ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മുബാറക്, ഷിബു എന്നിവര്‍ക്കാണ് നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ അദ്ധ്യക്ഷന്‍ നോട്ടീസ് നല്‍കിയത്. രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് അംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി. മുബാറക്കും, ഷിബുവും ചേര്‍ന്നാണ് അവനവന്‍ചേരി സ്വദേശിനിയുടെ മീന്‍കുട്ട ചവിട്ടിതെറിപ്പിച്ചത്.
അതേസമയം ആളുകളുടെ കണ്ണില്‍ പൊടിയിടാനണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
അതേസമയം നഗരസഭാ ജീവനക്കാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികള്‍ തുറമുടക്കി പ്രതിഷേധിച്ചു. നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.
Discussion about this post