തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നത്. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന് പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2024 ഏപ്രിൽ 26 മുതൽ 30 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ചൂട് കൂടാന്‍ സാധ്യതയുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
Discussion about this post