തിരുവനന്തപുരം: കഴിഞ്ഞ 13ന് ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അല്‍ അമീനെ കാണാതായതിന് പിന്നിൽ സ്വർണ്ണക്കടത്തെന്ന് സൂചന. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വലിയതുറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
തിരുവനന്തപുരത്തും കരിപ്പൂര്‍ മോഡല്‍ സ്വര്‍ണം പൊട്ടിക്കൽ സംഘം സജീവമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മഞ്ചേരി സംഘത്തിനായി അല്‍ അമീന്‍ കടത്തിയ സ്വര്‍ണം കണ്ണൂര്‍ സംഘം കടത്തിയതായാണ് സൂചന. കണ്ണൂര്‍ സംഘത്തിന് അല്‍ അമീന്‍ തന്നെ വിവരം നല്‍കിയതായാണ് കരുതുന്നത്.
ഒന്നുകില്‍ അല്‍ അമീനെ കണ്ണൂര്‍ സംഘം തട്ടിക്കൊണ്ടുപോയി, അല്ലെങ്കില്‍ അവര്‍ക്കൊപ്പം അയാള്‍ സ്വമേധയാ പോയി എന്നാണ് പോലീസിന്റെ വിലയിരുത്തൽ. സ്വര്‍ണം പ്രതീക്ഷിച്ച് നിന്ന മഞ്ചേരി സംഘം അല്‍ അമീന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായി സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അല്‍ അമീന്‍ പോയ വാഹനം കണ്ണൂരില്‍ കണ്ടെത്തിയിട്ടുണ്ട്.
സിസിടിവി ദൃശ്യത്തില്‍ നിന്നാണ് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയത്. അല്‍ അമീൻ രാജ്യം വിട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. രാമനാട്ടുകര അപകടത്തിന് ശേഷം സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തുന്നതായാണ് പുറത്തു വരുന്ന വിവരം.












