കണ്ണൂര്‍: ജില്ലയിലെ പയ്യന്നൂരിൽ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്.
ഭര്‍ത്താവിന്‍റെ വീട്ടില്‍ ഗാര്‍ഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തില്‍ സുനീഷ പറയുന്നത്. സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
ഭര്‍ത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളും മര്‍ദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് പറയുന്നതും ഓഡിയോയിലുണ്ട്.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മര്‍ദ്ദനം തുടര്‍ന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്.
Discussion about this post