കാശ്മീർ: ദക്ഷിണ കശ്മീരിലെ എല്ലാ ഭീകരവാദികളോടും കീഴടങ്ങുവാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാനും സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും ആഹ്വാനം. ചൊവ്വാഴ്ച ദക്ഷിണ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭീകരരുടെ കുടുംബങ്ങളുമായി സംവദിച്ച ശേഷം 15 കോർപ്സ് ജനറൽ ഓഫീസർ ലെഫ്റ്റനന്റ് ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെ ആണ് ഈ സന്ദേശം നൽകിയത്. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം കീഴടങ്ങിയ ഭീകരർക്കെതിരെ കേസെടുക്കില്ലെന്നും സൈന്യം അറിയിച്ചു.
ദക്ഷിണ കാശ്മീരിലെ ഷോപിയയിലെ ബാറ്റ്പുര സ്റ്റേഡിയത്തിൽ നടന്ന ഒരു കായിക പരിപാടിയുടെ ഭാഗമായാണ് ഭീകരരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ദക്ഷിണ കാശ്മീരിൽ നടന്ന ആദ്യത്തെ കായികമേളയായിരുന്നു അത്. ഈ കായിക പരിപാടിയിൽ പങ്കെടുക്കാൻ തീവ്രവാദികളുടെ കുടുംബങ്ങളെയും ക്ഷണിക്കുകയും, ഇവിടെ കൂടിക്കാഴ്ച നടത്തുകയും, ഭീകരരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഈ വലിയ പ്രഖ്യാപനം നടത്തുകയും ചെയ്തു.
ജനറൽ പാണ്ഡെ കുടുംബങ്ങളോട് അവരുടെ കുട്ടികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ അഭ്യർത്ഥിച്ചു. ”അവരെ സൈന്യത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ജമ്മു കാശ്മീരിൽ ഇപ്പോഴും 200-250 ഭീകരർ സജീവമാണ്. അതിൽ ദക്ഷിണ കാശ്മീരിൽ മാത്രം 150 ൽ അധികം ഭീകരർ ഉണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ചേർന്ന 25-30 പുതിയ ആൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. 2021 ൽ കൊല്ലപ്പെട്ട 102 ഭീകരരിൽ 75 ശതമാനവും ദക്ഷിണ കാശ്മീരിലെ അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപ്പിയാൻ എന്നീ നാല് ജില്ലകളിൽ നിന്നുള്ളവരാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post