കോഴിക്കോട്: നിപ വൈറസ് ബാധ പരിശോധിക്കുന്നതിനായി ഇന്നലെ അയച്ച 20 സാംപിള്‍ ഫലം കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 30 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി. 21 പേരുടെ ഫലം കൂടി ഇനി വരാനുണ്ട്. കുട്ടിയുമായി അടുത്തിടപഴകിയ വീട്ടുകാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം 68 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയാണ് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമ്പർക്ക പട്ടിക കൃത്യമായി തയ്യാറാക്കുന്നതും ഉറവിടം കണ്ടെത്തുന്നതും പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ഇതിന് മുമ്പ് മറ്റാര്‍ക്കെങ്കിലും രോഗം വന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അസ്വഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കപ്പെടണം.
രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത്, കാരശ്ശേരി പഞ്ചായത്ത്, മുക്കം മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയിരുന്നു. ഇവര്‍ വീടുകള്‍ കയറി സര്‍വേ നടത്തി. 3307 വീടുകളില്‍ നിന്നായി ഒറ്റ ദിവസം കൊണ്ട് വിവരങ്ങള്‍ ശേഖരിച്ചു. 12675 ആളുകളാണ് ഈ വീടുകളിലുള്ളത്. 17 പേര്‍ക്ക് മാത്രമാണ് നേരിയ പനിയുടെ ലക്ഷണമുള്ളത്. അസ്വഭാവിക അസുഖങ്ങളോ മരണമോ ഈ മേഖലയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് ഇന്നത്തെ വിവര ശേഖരണത്തില്‍ നിന്നും വ്യക്തമാകുന്നത്.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിദ്യ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ചാന്ദിനി എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവത്തകര്‍ക്ക് പരിശീലനം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post