അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ജോലി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ അടിത്തറ നിർമാണമാണ് നടക്കുന്നത്. നവംബർ ആദ്യത്തോടെ ഇത് പൂർത്തിയാകുമെന്ന് രാംമന്ദിർ ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്രനിർമാണ സമിതിയുടെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന്റെ അന്തിമ രൂപരേഖ തയ്യാറായി. ശ്രീകോവിലും അതിനു ചുറ്റുമായി ആറു ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്ന ആറു ഉപക്ഷേത്രങ്ങളുമടങ്ങുന്നതാവും സമുച്ചയം. ശ്രീകോവിലിൽ ബാലരാമപ്രതിഷ്ഠ, ഉപക്ഷേത്രങ്ങളിൽ സൂര്യൻ, ഗണേശൻ, വിഷ്ണു, ബ്രഹ്മാവ്, ദുർഗ എന്നീ പ്രതിഷ്ഠകളും. ഹിന്ദുവിശ്വാസപ്രകാരം ശ്രീരാമനെപ്പോലെത്തന്നെ ഈ ദേവീദേവന്മാരുടെ ആരാധനയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് രാമക്ഷേത്രനിർമാണസമിതി അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു.
പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാരനിർമാണം നവംബർ രണ്ടാംവാരത്തോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ, ശിലയിൽകൊത്തിയ നാലുപ്രധാന തൂണുകൾ സ്ഥാപിക്കാനായി നാലു കൂറ്റൻക്രെയിനുകൾ സജ്ജമാക്കും. 1.2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലും 50 അടി ആഴത്തിലുമാണ് മുഖ്യഅടിത്തറ. ഇതുനിറയ്ക്കുന്ന പണിയാണ് തുടങ്ങുന്നത്. നേരത്തെ 44 അടുക്കുകളായി അടിത്തറ ഒരുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. അത് 48 ആയി ഉയർത്താൻ ക്ഷേത്രട്രസ്റ്റ് തീരുമാനിച്ചു. ഇതോടെ സമുദ്രനിരപ്പിൽനിന്ന് 107 അടി ഉയരത്തിലായിരിക്കും അടിത്തറ.
കെട്ടിടത്തിനുള്ളിലും പരിസരത്തും ചൂടുകൂടാനിടയാക്കുമെന്നതിനാൽ സിമന്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് നിർമാണപ്രവൃത്തിയെന്ന് രാമജന്മഭൂമി ട്രസ്റ്റ് ജനറൽസെക്രട്ടറി ചംപത് റായ് പറഞ്ഞു. പ്രധാനക്ഷേത്രത്തിന്റെ അസ്ഥിവാരം 3.5 ലക്ഷം ക്യുബിക് അടി കല്ലുകളുപയോഗിച്ചാണ് പണിയുന്നത്. യു.പി.യിലെ മിർസാപുരിൽനിന്നുള്ള കല്ലുകളാണ് ഇതിനുപയോഗിക്കുക.
Discussion about this post