ഡല്‍ഹി: പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എം.പി അര്‍പിത ഘോഷ് രാജി വെച്ചു. 2020 മാര്‍ച്ചിലാണ് 55കാരിയായ അര്‍പിത രാജ്യസഭാംഗമായത്. അര്‍പിത ഘോഷിന്റെ രാജി അംഗീകരിച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം.
തൃണമൂല്‍ മറ്റൊരു നേതാവിനെ രാജ്യസഭയിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നതായാണ് സൂചന. നേരത്തേ കോണ്‍ഗ്രസില്‍നിന്ന് തൃണമൂലിലെത്തിയ സുഷ്മിത ദേവിനെ രാജ്യസഭയിലേക്ക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമ്പോഴാണ് രാജ്യസഭയിലെ തൃണമൂല്‍ നീക്കങ്ങള്‍. അര്‍പിതയുടെ പെട്ടന്നുള്ള രാജിയില്‍ ഞെട്ടലിലാണ് ചില തൃണമൂല്‍ നേതാക്കളും.
വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയിലെ ബഹളത്തില്‍ അര്‍പിത ഉള്‍പ്പെടെ ആറു എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2014ല്‍ തൃണമൂല്‍ ടിക്കറ്റില്‍ ബലുര്ഘട്ടില്നിന്ന് അര്‍പിത ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ബി.ജെ.പിയുടെ സുകന്ത മജൂംദാറിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടര്‍ന്ന് തൃണമൂലിന്റെ ജില്ല പ്രസിഡന്റായി ചുമതലയേറ്റ അര്‍പിത 2020 മാര്‍ച്ചിലാണ് രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്.








