തൃശ്ശൂര്‍: എസ്എഫ്ഐ കോളേജ് ക്യാമ്പസുകളില്‍ നടത്തുന്ന ബീഫ് ഫെസ്റ്റിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും, എംഎല്‍എയുമായ വി ബല്‍റാം രംഗത്ത്. വിദ്യാലയങ്ങള്‍ സരസ്വതി ക്ഷേത്രങ്ങളാണെന്ന പ്രയോഗം ആലങ്കാരികമാണെന്നും അതിനപ്പുറമുള്ള ‘ശുദ്ധി’ സങ്കല്പങ്ങളൊന്നും കോളേജിന് ചേരില്ലെന്നും ഫേസ്ബുക്കില്‍ ബല്‍റാം വിശദീകരിക്കുന്നു. മോഡിഫൈഡ് ഇന്ത്യയുടെ വര്‍ത്തമാന കാലത്ത് അര്‍ത്ഥപൂര്‍ണമായ സമരരീതി തന്നെയാണ് ഡിവഐഎഫ്ഐ, എസ്എഫ്ഐ സംഘടനകള്‍ നടത്തുന്ന ബീഫ് ഫെസ്റ്റിവലെന്നും ബല്‍റാം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
വിദ്യാലയങ്ങള്‍ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അവിടെ ഉത്പാദിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യപ്പെടുന്ന അറിവിന്റെ മഹത്വം ഊന്നിപ്പറയുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു വിശേഷണമാണത്. അതിനപ്പുറം ക്ഷേത്ര സമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും ‘ശുദ്ധി’ സങ്കല്‍പ്പങ്ങളുമൊന്നും ഒരു സ്കൂളിനോ കോളേജിനോ ചേരില്ലെന്ന് മാത്രമല്ല, അത്തരം സങ്കുചിതവും പ്രതിലോമകരവുമായ ആശയങ്ങള്‍ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത് തന്നെ അപഹാസ്യമാണ്.
തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഈയിടെ സംഘടിപ്പിച്ച ബീഫ് ഫസ്റ്റിവല്‍ അതോടനുബന്ധിച്ചുണ്ടായ അക്രമങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മോഡിഫൈഡ് ഇന്ത്യയുടെ വര്‍ത്തമാനകാലത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു സമരരീതി തന്നെയാണ് ബീഫ് ഫസ്റ്റിവല്‍. അതിനെ കായികമായി നേരിടാന്‍ എ.ബി.വി.പി / ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് എന്ന് മനസ്സിലാക്കുന്നു.
കേരളവര്‍മ്മ കോളേജ് കൊച്ചിന് ദേവസ്വം ബോര്‍ഡ് മാനേജ്മെന്റിന്റെ കീഴിലാണെങ്കിലും അവിടത്തെ അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. വ്യത്യസ്ത മതവിശ്വാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇത്തരം കോളേജുകള്‍ ഏതെങ്കിലുമൊരു വിദ്യാര്‍ത്ഥി സംഘടനയുടെ കോട്ടകളോ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയമോ ആവുകയല്ല, മറിച്ച് എല്ലാ ബഹുസ്വരതകളും അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന; കാറ്റും വെളിച്ചവും കടക്കുന്ന; തുറന്ന ജനാധിപത്യ ഇടങ്ങളാവുകയാണ് വേണ്ടത്.
ഫാഷിസത്തെ നേരിടേണ്ടത് അടിസ്ഥാനപരമായി ആയുധബലം കൊണ്ടോ ആള്‍ബലം കൊണ്ടോ അല്ല, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളേക്കുറിച്ചുള്ള
ആഴത്തിലുള്ള ആശയ പ്രചരണത്തിലൂടെയും സര്‍ഗാത്മകമായ മറ്റ് ഇടപെടലുകളിലൂടെയുമാണ്.
അതുകൊണ്ടു തന്നെ കോളേജിലും പുറത്തും നടന്ന അക്രമ സംഭവങ്ങളില്‍ പങ്കുള്ളവര്‍ക്ക് മേല്‍ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.
എന്നാല്‍ ഇതിന്റെ പേരില്‍ എ.ബി.വി.പി.ക്കാര് നടത്തിവരുന്ന സമരത്തില്‍ പല അപഹാസ്യമായ ആവശ്യങ്ങളും ഉയരുന്നതായി കേള്‍ക്കുന്നു. ബീഫ് സമരത്തെ ഫേസ്ബുക്കിലും മറ്റും ആശയപരമായി പിന്തുണച്ചെന്നതിന്റെ പേരില്‍ ചില അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം വിചിത്രവും കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ളതുമാണ്. സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന എഴുത്തുകാരുടേയും അധ്യാപകരുടേയുമൊക്കെ വായടപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈയിടെയായി കൂടിവരികയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധങ്ങള്‍ സാംസ്ക്കാരിക തലസ്ഥാനത്ത് നിന്ന് തന്നെ ഉയരേണ്ടതുണ്ട്. വര്‍ഗീയ സംഘടനകളുടെ ഇത്തരം സമ്മര്‍ദ്ദങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാന്‍ കോളേജ് മാനേജ്മെന്റിനും അധികാരികള്‍ക്കും കഴിയേണ്ടതുണ്ട്.
Discussion about this post