ഡൽഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്‌നേഷ് മേവാനിയും ചേരും.
ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം സെപ്റ്റംബർ 28ന് ഉണ്ടായേക്കുമെന്നാണ് വിവരം. കനയ്യയെയും മേവാനിയെയും പാർട്ടിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂല നിലപാടാണ്. ബിഹാറിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കനയ്യ കുമാറിനെ കൊണ്ടുവരണമെന്നത് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പദ്ധതിയാണ്.
കനയ്യയുടെ വരവ് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.








