അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു.
പരിശോധനയില്‍, ടാല്‍ക്കം പൗഡറിന്റെ മറവില്‍ കോടികള്‍ വിലവരുന്ന മരുന്നുകള്‍ ഇറക്കുമതി ചെയ്തതായി ഡി.ആര്‍.ഐ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് സ്ഥാപനമാണ് കണ്ടെയ്നറുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്.
എന്നാല്‍, അഫ്ഗാനില്‍ നിന്നും ടാല്‍ക്കം പൗഡറാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്ബനി പറയുന്നത്. കയറ്റുമതി സ്ഥാപനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസ്സന്‍ ഹുസൈന്‍ ലിമിറ്റഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഡി.ആര്‍.ഐയുടെയും കസ്റ്റംസിന്റെയും നേതൃത്വത്തില്‍ ഓപ്പറേഷന്‍ നടന്നു വരികയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഗുജറാത്ത് തീരത്ത് ഇറാനിയന്‍ ബോട്ടില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ 150 കോടിയോളം വില വരുന്ന ഹോറോയിന്‍ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാത്രി വൈകി നടത്തിയ ഓപ്പറേഷനിലാണ് ബോട്ടില്‍ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഗുജറാത്ത് തീരം പാക്കിസ്ഥാനില്‍ നിന്നോ ഇറാനില്‍ നിന്നോ മയക്കുമരുന്ന് കടത്തുന്നവരുടെ ഇഷ്ട മാര്‍ഗമായി മാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.










