തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഉള്‍പ്പോര് കൂടുതല്‍ വഷളാകുന്നുവെന്ന സൂചന നല്‍കി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ മറുപടി. എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുല്ലപ്പള്ളി സുധാകരനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അന്‍വര്‍ ഇന്ന് മുല്ലപ്പള്ളിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിന്റെ പരസ്യ പ്രതികരണം.
സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ നടന്ന പുനസംഘടനാ ചര്‍ച്ചയില്‍ മുല്ലപ്പള്ളിക്ക് തന്നെ കാണാന്‍ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് എത്തിയില്ലെന്നും കെ സുധാകരന്‍ മുമ്ബ് പറഞ്ഞിരുന്നു. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന ആരോപണവും മുല്ലപ്പള്ളി ശക്തമായി നിഷേധിച്ചു. തന്നെ കുറിച്ച് അത്തരത്തിലൊരു പരാതി ഇന്നേവരെ ആരും പറഞ്ഞിട്ടില്ലെന്നും തന്റെ കൂടെ നില്‍ക്കുന്ന താരിഖ് അന്‍വര്‍ പോലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Discussion about this post