‘വസന്തത്തിൻ്റെ ഇടിമുഴക്കം’ കേട്ടവരിൽ ചിലരെങ്കിലും ഇവിടെയും “നൂറു പൂക്കൾ വിരിയും” എന്നു പ്രത്യാശിച്ചു. വസന്തം അതിൻ്റെ വഴി തോക്കിൻ കുഴലിലൂടെയാണ് തെരഞ്ഞെടുത്തത്;വിരിഞ്ഞത് ചോരപ്പൂക്കളും.
ദിവാസ്വപ്നങ്ങളെ ആരാധിക്കുകയും നിരാശ വരമായി ലഭിക്കുകയും ചെയ്ത എടുത്തു ചാട്ടക്കാരായിരുന്നു ഇന്ത്യൻ നക്സലുകൾ. വെറും മനോലോക വ്യാപാരികൾ. ചൈനയിലെ മഴയ്ക്ക് അവർ ഇവിടെ കുടപിടിച്ചു! നിരർത്ഥകമായ ഒരു മനോരോഗം മാത്രമാണ് സായുധ വിപ്ലവം എന്ന തിരിച്ചറിവിൽ നിന്നാണ് കരാളതയുടെ “ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം ആയിരം കിനാക്കളും പോയിമറഞ്ഞു.. “എന്നത് വിരമിച്ച ഒരു നക്സലൈറ്റിൻ്റെ ഗൃഹാതുര സ്മരണയായി മാറുന്നത്.’ഏലംകുളത്തെ തിരുമേനി’ തോക്കും വാരിക്കുന്തവും താഴെ വച്ചിട്ട് ബാലറ്റിലേക്ക് നീങ്ങിയതും അതുകൊണ്ടുതന്നെയാണ്. ‘മികച്ച സമയം’ വരെയെങ്കിലുമുള്ള ഒരടവുനയമായിട്ടെങ്കിലും അദ്ദേഹം അതിനെ കണ്ടിരിക്കണം.
വിപ്ലവത്തിന് ജനാധിപത്യവേഗം പോരാ എന്ന തോന്നലിൽ നിന്നാണ് ചാരു മജുംദാരും കനു സന്യാലും ജംഗൾ സന്താളും ബംഗാളിലെ നക്സൽബാരിയിൽ ആയുധമെടുത്തത്. വിമോഹനമായ ഒരു കാരണം ആ കലഹങ്ങളെ ന്യായീകരിച്ചു. നിന്ദിതരും പീഡിതരുമായവരെ ദുഷ്പ്രഭുത്വത്തിൻ്റെ ദംഷ്ട്രയിൽ നിന്നു മോചിപ്പിക്കാൻ ഉയർത്തിയ തോക്കുകൾ “നീതി… നീതി” എന്നാണ് ശബ്ദിക്കുന്നതെന്ന് ബുദ്ധിജീവികൾ സാക്ഷ്യപ്പെടുത്തി. കേരളത്തിൽ പുല്പള്ളിയിലും തലശ്ശേരിയിലുമൊക്കെ മാവോയുടെ പ്രേതങ്ങൾ ആയുധമെടുത്തു. കുന്നിക്കൽ നാരായണനും മന്ദാകിനിയും അജിതയും വർഗീസ്സും ഫിലിപ്പ് എം പ്രസാദും വസന്തത്തിൻ്റെ ചോരപ്പൂക്കൾക്കുവേണ്ടി ആയുധമെടുത്ത് മാവോയുടെ പ്രേതങ്ങളായി.
കാലത്തിൻ്റെ ദയാരഹിതമായ ഏറ്റുമുട്ടലുകളിൽ പിടിച്ചു നിൽക്കാൻ ഈ കാല്പനികരുടെ സങ്കല്പ ലോകത്തിനായില്ല. നിയമത്തിൻ്റെ നിർദ്ദാക്ഷണ്യങ്ങൾക്കുപരി അനേകം ആഭ്യന്തര സംഘർഷങ്ങളാൽ വിഡ്ഢികളുടെ സ്വർഗം തനിയെ തകർന്നു വീണു. വെറും ഏഴു വർഷത്തെ ജയിൽവാസം കനു സന്യാലിനെക്കൊണ്ട് നക്സലിസത്തെ “എടുത്ത് ചാട്ടം” എന്നു കുമ്പസരിപ്പിച്ചു. ഒടുവിൽ ആ നിരാശഭരിതൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. ലക്ഷ്യബോധമില്ലാത്ത പൊതുജനാടിത്തറയില്ലാത്ത, ആശയക്കുഴപ്പങ്ങളുടെ ഗർഭഗൃഹങ്ങളായി മാറിയ തീവ്രപാളയങ്ങളിൽ നിന്നും ഓരോരുത്തരായി മറുവഴികൾ തേടിപ്പോയി. ചിലർ മൗനികളായി.ചിലർ കൂടുതൽ വലിയ വിഡ്ഢിത്തങ്ങൾ തിരഞ്ഞ് പോയി. മറ്റു ചിലർ വിശ്വാസികളായി. ചിലരാകട്ടെ വിപ്ലവത്തിൻ്റെ തീവ്രവേഗത വിട്ട് ജനാധിപത്യത്തിൻ്റെ മന്ദഗതിയിൽ അഭയം പ്രാപിച്ചു.
മതം ഈശ്വരനിൽ നിന്നും ശാസ്ത്രം സത്യത്തിൽ നിന്നും അകന്നാൽ മാത്രമല്ല, ആദർശമറ്റ കമ്യൂണിസവും മനുഷ്യനെ മൃഗത്തേക്കാൾ അധ:പതിപ്പിക്കും എന്നു ബോധ്യപ്പെടുത്തിയ നാളുകളാണ് പിന്നീട് രാജ്യത്തെ കാത്തിരുന്നത്. ആയുധമേന്തിയ ഇടതു തീവ്രവാദം പരമാധികാരത്തിനു വെല്ലുവിളിയായിത്തീർന്നു. ഭൂമിശാസ്ത്രപരമോ പ്രാദേശികമോ അല്ലാതെയോ ഉള്ള പിന്നാക്കാവസ്ഥകളെ ചൂഷണം ചെയ്ത് ജനങ്ങളിൽ അരക്ഷിതാവസ്ഥയും അന്ത:ഛിദ്രവും സൃഷ്ടിച്ചു. പിന്നാക്ക മേഖല എന്നും പിന്നാക്കമായിരിക്കാൻ ആരേക്കാളുമവർ യത്നിച്ചു. മനുഷ്യരെ രക്ഷിക്കാനെന്ന പേരിൽ ആയുധമെടുത്തവർ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകരായി. രാജ്യത്തിനെതിരെ ഒളിയുദ്ധം ചെയ്തു, ആയിരക്കണക്കിന് ജവാൻമാരുടെ ജീവനെടുത്തു. അനേകരായിരങ്ങൾ അനാഥരായി. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിഘടനവാദികളുമായി സഖ്യം ചെയ്തു. പരസ്പരം പരിശീലിപ്പിച്ചു സഹായിച്ചു.
അപ്പോഴേക്കും പുതിയ ഒരു വർഗം ഉദയം ചെയ്തിരുന്നു. നഗരത്തിൻ്റെ സുരക്ഷിതത്വത്തിലിരുന്ന് എല്ലാ സുഖങ്ങളുമാസ്വദിച്ചുകൊണ്ട് ഈ കൊടിയ ദേശദ്രോഹികൾക്ക് പ്രത്യയശാസ്ത്ര കവചം ഒരുക്കുകയായിരുന്നു അവർ. നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രമില്ലാത്ത, ബാക്കിയെല്ലാമുള്ള ഒരു വരേണ്യ വിഭാഗം അർബൻ നക്സലുകളായിരുന്നു അവർ. യൂണിവേഴ്സിറ്റികളിലും, സാഹിത്യ സമിതികളിലും, എൻ.ജി.ഓ കളിലുമായി അവർ പടർന്നു പന്തലിച്ചു. നാടിൻ നടുവിലിരുന്ന് അവർ കാടുചവപ്പിച്ചവർക്കായി ന്യായീകരണത്തിൻ്റെ മഷി പടർത്തി. നഗരത്തിലും വനത്തിലുമായി വേരും ശിഖിരങ്ങളുമുള്ള ഒരു ‘വിഷവൃക്ഷ’മായി ഇന്ത്യയിൽ നക്സലിസം.
ആ വിഷവൃക്ഷത്തിൻ്റെ കടവേരു വെട്ടലാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘വാളെടുത്തവൻ വാളാൽ’ എന്നതാണ് നീതി. വസന്തം വിരിയേണ്ടത് തോക്കിൻകുഴലിലൂടെയല്ല. മരനീരും വെടിയിറച്ചിയും ഫ്രീ സെക്സുമടങ്ങുന്ന,ജനാധിപത്യത്തിനെതിരെയുള്ള ഒളിയുദ്ധമല്ല രാജ്യപുരോഗതിയുടെ വഴി. പരാജയപ്പെട്ട ക്രൂരൻമാരിൽ നിന്ന് ഗാന്ധിയുടെ,ബുദ്ധൻ്റെ രാജ്യത്തിന് പാഠങ്ങളുണ്ട്, പക്ഷെ മാതൃകകളൊന്നുമില്ല. ചരിത്രം ഒരു കാല്പനിക കഥയാണ് എന്ന് തെറ്റിധരിച്ച ചില സിനിമാക്കാർക്കും എഴുത്തുകാർക്കും നായകരാക്കാനല്ലാതെ ഈ വിഡ്ഢികളെ ചരിത്രം ബാക്കിവയ്ക്കാതെ ഞെരിച്ചു കളഞ്ഞിരിക്കുന്നു.
ആരാണ് “കൊല്ലരുത്” എന്നു പറഞ്ഞു വരുന്നത്? മുൻപ് അവസരം കിട്ടിയപ്പോളെല്ലാം കൊന്നുതള്ളിയവർക്ക്, കൊല്ലപ്പെട്ട സൈനികരുടെ സാധാരണക്കാരുടെ അനാഥ കുടുംബങ്ങളോട് കരുണയറ്റവർക്ക് കൊലയാളിയുടെ ജീവിതാവകാശത്തപ്പറ്റി വാചാലരാകാൻ കഴിയുന്നതെങ്ങനെ? ചരിത്രത്തിലെ മുന്തിയ നരഭോജിയായ ജോസഫ് സ്റ്റാലിൻ്റെ ചിത്രം ഹൃദയത്തിലും ഭിത്തിയിലും തൂക്കിയിട്ട് ഹിംസാവിരുദ്ധത പറയാൻ കഴിയുന്നതെങ്ങനെ? കൊല്ലാൻ തോക്കെടുത്തവൻ വലിയ വെടിക്കാരനെ കണ്ടപ്പോൾ ശാന്തി മന്ത്രം തിരയുന്നതെന്തിന്?
ഇപ്പോഴിതാ രാജ്യത്തിൻ്റെ തോക്കുകൾക്കും വെടിയുണ്ടകൾക്കും വിലയുണ്ടായിരിക്കുന്നു. രക്തത്തിൻ്റെ വില രക്തം തന്നെ ആയിരിക്കുന്നു. കൂടുതൽ ചോരയൊഴുക്കിനെ തടയാൻ അതിനേ കഴിയൂ. അതിൻ്റെ ഗർജ്ജനത്തിന് ഇപ്പോൾ മരണം എന്നു മാത്രമല്ല അർത്ഥം. ജനാധിപത്യത്തിന് കീഴ്പ്പെടാനാണത് സകല ‘വർഗ സർവ്വാധിപത്യ സിദ്ധാന്തങ്ങളോടും’ ഗർജ്ജിച്ച് ആജ്ഞാപിക്കുന്നത്. സാമ,ദാന,ഭേദങ്ങൾ കഴിഞ്ഞിരിക്കുന്നു; തോക്കെടുത്തവരോട് തോക്കു കൊണ്ടും, അടിത്തൂൺ പറ്റി ‘ഗൃഹാതുര മഹത്വങ്ങളിൽ’ ശയിക്കുന്നവരോട് നിർദ്ദയമായ പരിഹാസം കൊണ്ടുമാണ് പ്രതികാരം ചെയ്യേണ്ടത്.
സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ.
Discussion about this post