കൊച്ചി: സമുദായദ്ധാരണവും സാമൂഹ്യഉദ്ധാരണവും അവസാനിപ്പിച്ചു മഹത്തായ എസ് എന്‍ ഡി പി യോഗത്തെ കശാപ്പുകാര്‍ക്ക് വിലപേശി, കാശ് വാരി വില്‍പ്പന നടത്തുകയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ചെമ്പഴന്തിയില്‍ ജനിച്ചു; കണിച്ചുകുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനമെന്നും മുഖ പ്രസംഗം പറയുന്നു.
ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പല്‍പ്പുവും കുമാരനാശാനും ഉയര്‍ത്തിപ്പിടിച്ചതുമായ ആ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനുമാണ് മഹത്തായ ആ പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളായ നികൃഷ്ട ജീവികള്‍ ശ്രമിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ഗുരുദേവന്‍ നല്‍കിയ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ജ്വാലയെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
മുഖപ്രസംഗത്തില്‍ നിന്ന്-
ഗുരുദേവന്‍ നല്‍കിയ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ജ്വാലയെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ശ്രീനാരായണീയ പ്രസ്ഥാനം എത്രമാത്രം ജാതിവിരുദ്ധമായിരുന്നുവോ അതിലേറെ വര്‍ഗീയ മുക്തവുമായിരുന്നു. സമൂഹത്തെ സമന്വയിപ്പിച്ച ശ്രീനാരായണീയ പ്രസ്ഥാനത്തെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘ്പരിവാറിന്റെ ലാവണങ്ങളില്‍ അടക്കം ചെയ്യുന്നത് പ്രസ്ഥാനത്തെ നയിച്ച പൂര്‍വസൂരികളോടുള്ള വഞ്ചനയും ചരിത്രത്തോടുള്ള കൊടുംചതിയുമാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളില്‍ ചാടിക്കാനാണ് എസ് എന്‍ ഡി പി യോഗം നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആധുനിക കേരളം പിന്നിട്ട വഴികളിലേക്ക് തിരിച്ചു നടക്കാനും അയിത്തത്തിന് പകരം അന്യമത വിരോധം പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സംഘ് പരിവാറിന്റെ സഹവര്‍ത്തിത്വം ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ എല്ലാ നയങ്ങളെയും തകര്‍ക്കുന്നതാണ്. ജാതിയുടെ ഇടുങ്ങിയ ഇടങ്ങളില്‍ നിന്ന് ശ്രീനാരായണ ഗുരുവും പിന്‍ഗാമികളും വിമോചിപ്പിച്ച കേരളത്തെ മതവിദ്വേഷത്തിന്റെ ഇരുള്‍ക്കയങ്ങളിലേക്ക് തള്ളിനീക്കാനുള്ള ശ്രമമാണ് പുതിയ സഖ്യനീക്കങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.
കേരളം കൈവരിച്ച എല്ലാ മുന്നേറ്റങ്ങളുടെയും പിതൃസ്ഥാനം അവകാശപ്പെട്ട പ്രസ്ഥാനത്തെ ഭാവി കേരളത്തിന്റെ ഘാതക സ്ഥാനത്തേക്കാണ് എസ് എന്‍ ഡി പി യോഗം നേതാക്കള്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സാമൂഹികപരിഷ്‌കരണ മുന്നേറ്റങ്ങളിലൂടെയും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലൂടെയും കേരളം കൈവരിച്ച ഐക്യവും സൗഹാര്‍ദ്ദവും തകര്‍ക്കാനാണ് പുതിയ രാഷ്ട്രീയ അവതാരങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേരളം തിരസ്‌കരിച്ച ജീര്‍ണവിശ്വാസങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവര്‍ വെള്ളവും വളവും നല്‍കുകയാണ്. ശ്രീനാരായണീയ പ്രസ്ഥാനം ഏറ്റെടുത്ത മനുഷ്യ പുരോഗതിയും സാമൂഹിക മുന്നേറ്റവും സമാപിച്ചെന്നാണ് അല്‍പജ്ഞാനികളായ ഈ മൂഢന്‍മാര്‍ കരുതുന്നത്. അതുകൊണ്ടായിരിക്കാം സമുദായദ്ധാരണവും സാമൂഹ്യഉദ്ധാരണവും അവസാനിപ്പിച്ചു മഹത്തായ എസ് എന്‍ ഡി പി യോഗത്തെ കശാപ്പുകാര്‍ക്ക് വിലപേശി, കാശ് വാരി വില്‍പ്പന നടത്തുന്നത്. ചെമ്പഴന്തിയില്‍ ജനിച്ചു; കണിച്ചുകുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. അത് കാലദേശാതിവര്‍ത്തിയാണ്.
ഫ്യൂഡലിസത്തോടും അയിത്തത്തോടും ഏറ്റുമുട്ടി വിജയിച്ച എസ് എന്‍ ഡി പി യോഗം നേതാക്കള്‍ ഇപ്പോള്‍ കാശ് കിലുക്കത്തില്‍ മയങ്ങി വീണിരിക്കുന്നു. മഹത്തായ ഗുരുദര്‍ശനത്തെ മാനഭംഗം ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക ശ്രീനാരായണീയ പ്രസ്ഥാനവും സംഘ് പരിവാറും മോരും മുതിരയുമാണ്. ഗുരുദര്‍ശനത്തില്‍ സംഘ് പരിവാര്‍ ദര്‍ശനം ഒരിക്കലും ലയിക്കില്ല.
Discussion about this post