ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും. മുംബൈ ബാന്ദ്രയിലെ കരീനയുടെ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാര്‍ ഒരു വര്‍ഷം മുമ്പാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
അത്യാഡംബര കാറായ പോര്‍ഷേ ബോക്സ്റ്റര്‍ ആണിത്. 12 01 ഗ്രാന്ബേ അപാര്‍ട്ട്മെന്റ് 17 ഹില്‍ റോഡ്, ബാന്ദ്ര എന്നാണ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. കരീനയുടെ മുംബൈയിലെ വസതിയുടെ വിലാസമാണിത്. 2007 മെയ് 9 ന് ആണ് കരീനയുടെ ഉടമസ്ഥതയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇപ്പോഴും രേഖകളില്‍ കരീന തന്നെയാണ് വാഹനത്തിന്റെ ഉടമ.
ശ്രീവത്സം ഗ്രൂപ്പ് തന്റെ ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്തെന്നും ആ ഇനത്തില്‍ 7 കോടി രൂപ തനിക്ക് കിട്ടാനുണ്ടെന്നും ചൂണ്ടിക്കാട്ടി മോന്സണ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ആണ് ശ്രീവത്സത്തിന്റെ അരൂര്‍ യാര്‍ഡില്‍ നിന്നും വാഹനങ്ങള്‍ പിടിച്ചെടുത്ത് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി സി ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ബെന്‍സും പോര്‍ഷേയും ക്യാരവാനുകളും ഉള്‍പ്പടെ 20 ആഡംബര വാഹനങ്ങളാണ് ചേര്‍ത്തല പൊലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ ഉള്ളത്. വാദിയായിരുന്നിട്ടും കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച് മോന്സണ് വാഹനങ്ങള്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ല എന്നതാണ് ശ്രദ്ധേയമാണ്.
മാത്രമല്ല വാഹനങ്ങളുടെ രേഖകളില്‍ ഒന്നും തന്നെ ഉടമ മോന്സണ് അല്ല. പിന്നെ എങ്ങനെയാണ് മോന്‍സണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തതെന്നാണ് മനസിലാകാത്ത ഒരു കാര്യം.
Discussion about this post