പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊലപ്പെടുത്തി. യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പുനെയിലെ ബിബ്വേവാഡിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്.
എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി കബഡി പരിശീലനത്തിന് പോകുന്ന ഗ്രൗണ്ടിനടുത്താണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ 5.45നോടടുത്ത് പ്രതികള്‍ സ്ഥലത്തെത്തുകയും പെണ്‍കുട്ടിയോട് സംസാരിക്കുന്നതിനിടെ വാഗ്വാദവുണ്ടാകുകയും ചെയ്തു. ഉടന്‍ കത്തിയെടുത്ത് പലതവണ കുത്തുകയായിരുന്നു 22 കാരനായ പ്രതി. കുത്തേറ്റ് പിടയുന്ന പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു.
കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്വേവാഡി പോലീസ് സ്റ്റേഷനിലെ എസ്.ഐ സുനില്‍കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ശുഭം ഭഗവത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടി തയാറായില്ല. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയളെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Discussion about this post