മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും മഹാവികാസ് അഖാഡി നേതാവുമായ അനിൽ ദേശ്മുഖ് അറസ്റ്റിലായി. മുംബൈയിലും നാഗ്പുരിലുമായി മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡുകൾക്കൊടുവിലാണ് ഇഡി ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട 19ആം വകുപ്പ് പ്രകാരമാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ അനിൽ ദേശ്മുഖിന്റെയും കുടുംബാംഗങ്ങളുടെയും 4.2 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് ഇഡി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് അറസ്റ്റ്. അറസ്റ്റിനോടും അന്വേഷണങ്ങളോടും ദേശ്മുഖ് സഹകരിക്കുന്നില്ല എന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ 1750 ബാറുകളിലും റെസ്റ്റോറന്റുകളിലും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി പ്രതിമാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയെ നിയോഗിച്ചു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കഴിഞ്ഞ മാർച്ചിൽ പരംബീർ അയച്ച കത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 5ന് കേസിൽ പ്രാധമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് അന്നേ ദിവസം തന്നെ അനിൽ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.










