ശ്രീനഗർ: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് ജമ്മു കശ്മീർ സർക്കാർ. പിരിച്ചു വിടപ്പെട്ടവരുടെ കൂട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും സ്കൂൾ പ്രിൻസിപ്പലും ഉൾപ്പെടുന്നു. ശ്രീനഗർ ജയിലിൽ തടവിൽ കഴിയുന്ന ഭീകരനുമായി കൂടിക്കാഴ്ച നടത്താൻ രണ്ട് യുവാക്കൾക്ക് അവസരം നൽകിയ സംഭവത്തിലാണ് നടപടി.
ജയിൽ ഡിഎസ്പി ഫെറോൺ അഹമ്മദ് ലോൺ, ബിജ്ബെഹറ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജാവീദ് അഹമ്മദ് ഷാ എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. അന്വേഷണം കൂടാതെ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ അനുവദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 311(2) പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
എൻ ഐ എ അറസ്റ്റ് ചെയ്ത ഭീകരനുമായി കൂടിക്കാഴ്ചയ്ക്ക് യുവാക്കൾക്ക് അവസരമൊരുക്കിയതിനാണ് ലോണിനെ പിരിച്ചുവിട്ടത്. യുവാക്കളെ സായുധ പരിശീലനത്തിന് പാകിസ്ഥാനിലേക്ക് അയക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് പൊലീസ് കണ്ടെത്തിയത്. പാകിസ്ഥാനിൽ എത്തുന്നതിന് മുൻപ് യുവാക്കൾ പിടിയിലായിരുന്നു.
2012ലാണ് ലോൺ ജയിൽ ഡിഎസ്പി ആയി നിയമിതനാകുന്നത്. 1989ൽ സർവീസിൽ പ്രവേശിച്ച ജാവീദ് ഹുറീയതിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും അനുഭാവിയാണ്.
Discussion about this post