കൊല്ലം: തീവണ്ടിയില്‍ ദ്യശ്യമാധ്യമപ്രവര്ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരേ അക്രമം. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കോഴിക്കോട് പുതിയറ സ്വദേശി കെ. അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെ കൊല്ലം റെയില്‍വേ പോലീസ് പിടികൂടി.
ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിലാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളായ പ്രതികൾ തീവണ്ടി ചിറയൻകീഴ് ഭാഗത്ത് എത്തിയപ്പോൾ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ചിറയൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനായ ഭർത്താവിനെ യുവതി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തീവണ്ടി ചിറയൻകീഴ് സ്റ്റേഷനിലെത്തിയപ്പോൾ ഇദ്ദേഹം തീവണ്ടിയിൽ കയറി പ്രതികളോട് കാര്യം തിരക്കി. പ്രതികൾ യുവതിയുടെ ഭർത്താവിനെയും മർദിച്ചു. യുവതി റെയിൽവേ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. പോലീസ് സംഘത്തെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് കൊല്ലം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post