കൊച്ചി: കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത് സംസ്ഥാനത്തെ വന്‍ കടക്കെണിയിലാക്കിയ വെള്ളാനയാണ് കിഫ്ബിയെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ്. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിഫ്ബിയുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയും അതില്‍ നടന്ന ഗുരുതര സാമ്പത്തിക ക്രമക്കേടുകളും തുറന്നുകാട്ടിയിരിക്കുകയാണ്.
കിഫ്ബി ഉണ്ടാക്കിവെച്ചിട്ടുള്ളത് 32,198 കോടിയിലധികം രൂപയുടെ ബാധ്യതയാണെന്നും തുടര്‍ന്നുള്ള പദ്ധതികളും വായ്പാ തിരിച്ചടവുകളും കൂടി കണക്കിലെടുത്താല്‍ ഇത് 70,415 കോടി രൂപയുടെ പടുകുഴിയിലേക്കാണ് സംസ്ഥാനത്തെ തള്ളിയിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുമാനദായക പദ്ധതികള്‍ക്കായി വിഭാവനം ചെയ്ത കിഫ്ബിയില്‍ അത്തരം പദ്ധതികള്‍ക്ക് ആകെ നല്‍കിയത് 20.98 ശതമാനം തുക മാത്രമാണ്. അതില്‍ മൂന്നെണ്ണത്തില്‍ നിന്ന് മാത്രമാണ് തിരിച്ചടവുണ്ടായത്. വന്‍പലിശയ്ക്ക് കടമെടുത്ത പണം മാസങ്ങളോളം ഉപയോഗിക്കാതെയിട്ട് വരുത്തിവെച്ച നഷ്ടത്തിന് പുറമെ, കിഫ്ബിയുടെ അശാസ്ത്രീയ ധനസമാഹരണ മാതൃക കാരണം സംസ്ഥാനത്തിന് 61,678 കോടിയുടെ നഷ്ടമുണ്ടായി. മാത്രമല്ല, കിഫ്ബി മൂലം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 25,932 കോടിയോളം രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
വിഴിഞ്ഞം പോലുള്ള അത്യന്താപേക്ഷിത പദ്ധതികളെ അവഗണിച്ച് കണ്ണൂരില്‍ മാത്രം കേന്ദ്രീകരിച്ച് നടത്തിയ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹവും ബെനാമി അഴിമതിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ അംഗീകാരമോ ഡിപിആറോ പോലുമില്ലാതെ കണ്ണൂരില്‍ 4,896 ഏക്കര്‍ ഭൂമി വാങ്ങാന്‍ തീരുമാനിച്ചതും, ഭൂമിയേറ്റെടുക്കലിനായി മാറ്റിവെച്ചതില്‍ 74 ശതമാനത്തിലധികം തുക കണ്ണൂരിലേക്ക് മാത്രമായി ഒഴുക്കിയതും പരിശോധിക്കപ്പെടണം. സെന്റിന് വെറും 20,000 രൂപ വിലയുള്ള ഭൂമി ഇടനിലക്കാരും പ്രമുഖരും ചേര്‍ന്ന് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുകയാണുണ്ടായത്. കിന്‍ഫ്ര വഴി കണ്ണൂരില്‍ 2,489 കോടി രൂപയ്ക്ക് വാങ്ങിയ 1,000 ഏക്കര്‍ ഭൂമി വിറ്റാല്‍ വാങ്ങിയതിന്റെ അഞ്ചിലൊന്നുപോലും തിരികെ കിട്ടില്ലെന്ന് വ്യക്തമായിട്ടും കഴിഞ്ഞ 5 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും നഗരപ്രാന്തങ്ങളില്‍ ഈ തുകയ്ക്ക് ഭൂമി വാങ്ങിയിരുന്നെങ്കില്‍ വലിയ വ്യവസായങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
കിഫ്ബിക്ക് അനുവദിച്ച 40 തസ്തികകള്‍ക്ക് പകരം സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റി 409 പേര്‍ക്കാണ് ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തിയ നിയമനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 203 കോടിയിലധികം രൂപയാണ് പത്തിരട്ടി തുക പദ്ധതിച്ചെലവില്‍ കാണിച്ച് പരസ്യത്തിനായി ധൂര്‍ത്തടിച്ചത്.
വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുപോലെ 2016 മുതല്‍ 2026 വരെയുള്ള കിഫ്ബിയുടെ ഇടപാടുകളെക്കുറിച്ച് സിഎജിയുടെ അടിയന്തര പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തണമെന്നും വിപണിയില്‍ നിന്ന് നേരിട്ട് കടമെടുക്കുന്നത് അവസാനിപ്പിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നികുതിയും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്ക് പോകുന്നത് റദ്ദാക്കണമെന്നും കണ്ണൂരിലെ വന്‍ ഭൂമികൊള്ളയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിനെതിരെ സമഗ്രമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു












