ഡെഹറാഡൂണ്‍: ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേദാര്‍നാഥിലെത്തും. പ്രധാനമന്ത്രി രാവിലെ ആറര മണിക്ക് ക്ഷേത്രത്തിലെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു. പ്രതിമാ അനാച്ഛാദനത്തിനുശേഷം പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രാഭിഷേകത്തിലും പങ്കെടുക്കും.
2013-ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.
മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Discussion about this post