ഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആര്‍. ഹരികുമാര്‍ ഈ മാസം 30-നാണ് ചുമതലയേല്‍ക്കുക. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ് അദ്ദേഹം . നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് നാവികസേനയിലെത്തുന്നത്. 38 വർഷത്തെ സേവനത്തിനിടെ നിരവധി വ്യത്യസ്തമായ ചുമതലകൾ വഹിച്ചിട്ടുള്ള ആളാണ് വൈസ് അഡമിറൽ ആർ ഹരികുമാർ. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. പിന്നാലെയാണ് 39 വർഷത്തെ അനുഭവപരിചയുമായി ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുകയാണ്. നിലവിലെ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ് നവംബർ 30-നാണ് വിരമിക്കുന്നത്. അതേദിവസം തന്നെ കൊച്ചി ആസ്ഥാനമായ ദക്ഷിണമേഖല നേവൽ കമാൻഡ് മേധാവി ചീഫ് വൈസ് അഡ്മിറൽ അനിൽ ചാവ്ലയും സർവ്വീസിൽ നിന്നും വിരമിക്കുകയാണ്.












