പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിലെ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 കാറിന്റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണം. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.
അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറേ അറിയിച്ചു. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്.
അതേസമയം സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളിലൊരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കും. ദൃക്സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അർഷിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ആർ.എസ്.എസ്. പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത്ത്, ഭാര്യ അർഷികയുടെ മുന്നിൽവെച്ച് കൊല്ലപ്പെട്ടത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെളുത്തനിറമുള്ള കാറിലെത്തിയ സംഘം സഞ്ജിത്തിനെ റോഡിൽവെച്ച് വെട്ടുകയായിരുന്നു. അഞ്ചുപേർ കാറിലുണ്ടായിരുന്നെന്നാണ് അർഷിക പോലീസിന് മൊഴിനൽകിയിട്ടുള്ളത്.
ചൊവ്വാഴ്ച പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വാളുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധനാഫലം വരാൻ വൈകുന്നതിനാൽ ഇവ സഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതാണോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.








