ഡല്‍ഹി: മുല്ലപ്പെരിയാറിലേ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് ആവശ്യപ്പട്ടത്. മരം മുറിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ച കേരളത്തിന്റെ നടപടി കോടതി അലക്ഷ്യമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വള്ളക്കടവ് – മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്താന്‍ കേരളത്തിനോട് നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സംഘം 2021 ജൂണ്‍ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറില്‍ നിന്ന് 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമായതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. മരം മുറിക്ക് അനുമതി നല്‍കിയ നവംബര്‍ ആറിലെ ഉത്തരവ് റദ്ദാക്കിയത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണകെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നു എന്ന് തമിഴ്‌നാട് ആരോപിക്കുന്നു. 2014 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ കേരളം തയ്യാറാകുന്നില്ല. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ 16 വര്‍ഷമായി കേരളം തടസ്സപ്പെടുത്തുന്നു. പ്രധാന അണകെട്ട് ശക്തിപ്പെടുത്തുന്നതിന് സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നിത് വള്ളക്കടവ് – മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റ പണി നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.








