ബെംഗളൂരു: കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിൽ അച്ഛന് ശാസിച്ചതിന് 16-കാരന് തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനൊടുക്കി. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛന് ശാസിച്ചിരുന്നു. സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനുമാണ് ശാസിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് വെള്ളിയാഴ്ച രാവിലെ നാഗരാജ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സഹോദരന് മരിച്ച വിവരമറിഞ്ഞാണ് പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഭാഗ്യലക്ഷ്മി താലൂക്ക് ആശുപത്രിയിലെത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി ഉടന്‍ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവ സമയം വീട്ടുകാരെല്ലാം ആശുപത്രിയിലായതിനാല്‍ ആരും വിവരമറിഞ്ഞില്ല. പിന്നീട് നാഗരാജിന്റെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി ബേഡഗി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാസവരാജ് അറിയിച്ചു.
Discussion about this post